ചെന്നൈ: സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ ജോസഫ് വിജയ് നയിക്കുന്ന ടിവികെ സർക്കാർ അവതരിപ്പിച്ച ആദ്യ ബജറ്റ് തമിഴകത്തിൽ ശ്രദ്ധനേടുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നൽകിയ വാഗ്ദാനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന സൂചന നൽകിക്കൊണ്ട് വിദ്യാഭ്യാസം, സാങ്കേതികവിദ്യ, നൈപുണ്യ വികസനം, ക്ഷേമപദ്ധതികൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.
ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം രാജ്യത്തെ ആദ്യ എഐ-ഇന്നോവേഷൻ നഗരമായ 'അറിവാഗം' സ്ഥാപിക്കുമെന്നതാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ്-ടെക് ഗവേഷണം, സാങ്കേതിക സംരംഭകത്വം എന്നിവയുടെ കേന്ദ്രമായി വികസിപ്പിക്കുന്ന ഈ പദ്ധതിയിൽ എഐ സർവകലാശാല, അന്താരാഷ്ട്ര നൈപുണ്യ വികസന കേന്ദ്രം, സെമികണ്ടക്ടർ ഹാർഡ്‌വെയർ ടെസ്റ്റിങ് ലാബ്, മൾട്ടി-ഡൊമൈൻ ഇന്നോവേഷൻ ഇൻകുബേറ്ററുകൾ, ആധുനിക താമസസൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തുമെന്ന് ധനമന്ത്രി നിയമസഭയിൽ അറിയിച്ചു.
വിദ്യാർഥികൾക്കും യുവാക്കൾക്കും സ്ത്രീകൾക്കും ലക്ഷ്യമിട്ടുള്ള നിരവധി ക്ഷേമപദ്ധതികളും ബജറ്റിലുണ്ട്. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണമോതിരം, വിവാഹിതരാകുന്ന യുവതികൾക്ക് ഒരു പവൻ സ്വർണവും പട്ടുസാരിയും, വിദ്യാർഥികൾക്ക് സൗജന്യ ലാപ്ടോപ്പുകൾ, ബ്രാൻഡഡ് സൈക്കിളുകൾ, ഹെൽമെറ്റുകൾ, വാട്ടർ ബോട്ടിലുകൾ എന്നിവ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. പ്ലസ് വൺ വിദ്യാർഥികൾക്ക് സൗജന്യ സൈക്കിൾ വിതരണം ചെയ്യുന്ന പദ്ധതിയും ബജറ്റിന്റെ ഭാഗമാണ്.
കായികമേഖലയെ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് പത്ത് ഒളിമ്പിക് എക്സലൻസ് സെന്ററുകൾ സ്ഥാപിക്കുമെന്നും ഇതിനായി 50 കോടി രൂപ വകയിരുത്തിയതായും സർക്കാർ അറിയിച്ചു. ഒളിമ്പിക്സിൽ സ്വർണമെഡൽ ലക്ഷ്യമിട്ട് കുട്ടികളുടെ കായികശേഷി വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സമൂഹത്തിൽ അവഗണന നേരിടുന്ന ട്രാൻസ്‌ജെൻഡർ വിഭാഗത്തിനായി 'അരൺ' എന്ന പേരിൽ ഷെൽട്ടർ ഹോം പദ്ധതി നടപ്പാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. താമസം, ഭക്ഷണം, കൗൺസിലിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ പദ്ധതിയിലൂടെ ലഭ്യമാക്കും.
എഐ മേഖലയിലെ തൊഴിൽസാധ്യത വർധിപ്പിക്കാൻ 2031-ഓടെ അഞ്ച് ലക്ഷം യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം നൽകുമെന്നും സർക്കാർ വ്യക്തമാക്കി. കൂടാതെ, ഏകദേശം 12 ലക്ഷം കോളേജ് വിദ്യാർഥികൾക്കും ഒരു ലക്ഷം തൊഴിലില്ലാത്ത യുവാക്കൾക്കും നൈപുണ്യ വികസന പരിശീലന പദ്ധതികൾ നടപ്പാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
അതേസമയം, തിരഞ്ഞെടുപ്പ് വേളയിൽ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതി ബജറ്റിൽ ഉൾപ്പെട്ടില്ല. ആദ്യ ബജറ്റിൽ തന്നെ ഈ പദ്ധതി നടപ്പാക്കുമെന്നായിരുന്നു വ്യാപകമായ പ്രതീക്ഷ. കൂടാതെ, ഓരോ കുടുംബത്തിനും വർഷത്തിൽ ആറ് ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ചും ബജറ്റിൽ പരാമർശമുണ്ടായില്ല. ഇതിനെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം സർക്കാരിനെതിരെ വിമർശനം ശക്തമാക്കിയിട്ടുണ്ട്.
എഐ നഗരം, സൗജന്യ ലാപ്ടോപ്പ്, സ്വർണപദ്ധതികൾ; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് വമ്പൻ പ്രഖ്യാപനങ്ങളോടെ