കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്ന കേസില്‍ ഗണ്‍മാന്‍ അഭിലാഷിന്റെ നിര്‍ണായക മൊഴി. കെ എസ് യു പ്രവര്‍ത്തകര്‍ ആയുധമുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് താന്‍ മൊഴി നല്‍കിയത് വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണെന്ന് അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
വീണാ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും, വീണയുടെ നിര്‍ദേശപ്രകാരമാണ് റെയില്‍വേ പൊലീസിന് അന്ന് വ്യാജമൊഴി നല്‍കേണ്ടി വന്നതെന്നും അഭിലാഷ് അന്വേഷണ സംഘത്തിന് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ അഭിലാഷിനെതിരെ വകുപ്പ്തല നടപടി ആവശ്യപ്പെട്ട് എസ്‌ഐടി ഉടന്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും.
കരിങ്കൊടി പ്രതിഷേധത്തിനിടെ വീണാ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തിരുന്നത്. വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തപ്പെട്ടതിനെ തുടര്‍ന്ന് കെ എസ് യു പ്രവര്‍ത്തകര്‍ 16 ദിവസത്തോളം റിമാന്‍ഡില്‍ കഴിയുകയും ചെയ്തിരുന്നു.
തുടര്‍ന്ന് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരാണ് സംഭവത്തില്‍ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കേസില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കാന്‍ കൃത്യമായി നിര്‍ദേശം നല്‍കിയത് ആരാണെന്ന കാര്യവും എസ്‌ഐടി നിലവില്‍ ഗൗരവമായി പരിശോധിച്ചുവരികയാണ്. സംഭവസമയത്ത് സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസുകാരെയും അന്വേഷണ സംഘം ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍, കരിങ്കൊടി പ്രതിഷേധം മാത്രമാണ് നടത്തിയതെന്നും വധശ്രമം നടത്തിയിട്ടില്ലെന്നുമായിരുന്നു കെ എസ് യുവിന്റെ ആദ്യഘട്ടം മുതലുള്ള നിലപാട്.
വീണ ജോര്‍ജിന് കുരുക്ക്: 'കെ എസ് യു ആക്രമണം കണ്ടിട്ടില്ല, വീണ പറഞ്ഞതുകൊണ്ട് മൊഴി നല്‍കി'; മൊഴിമാറ്റി ഗണ്‍മാന്‍ അഭിലാഷ്