ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡിഎംകെ നേതാവും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്യലിന് ശേഷം പൊലീസ് വിട്ടയച്ചു. മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.
കസ്റ്റഡിയിലെടുത്ത് ഏകദേശം നാല് മണിക്കൂറിന് ശേഷമാണ് ഉദയനിധിയെ പൊലീസ് മോചിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട് പൊലീസിന് നിർദേശം നൽകിയിരുന്നു. അന്വേഷണവുമായി ആവശ്യമായ സമയങ്ങളിൽ സഹകരിക്കണമെന്നും കോടതി ഉദയനിധിയോട് ആവശ്യപ്പെട്ടു.
ഉദയനിധിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയക്കുമെന്ന് തമിഴ്നാട് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയെങ്കിലും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിടാനാണ് തീരുമാനമെന്നും സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വിജയ് നാരായൺ കോടതിയെ അറിയിച്ചു.
തഞ്ചാവൂരിൽ കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് ഉദയനിധി വിവാദ പരാമർശം നടത്തിയതെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ തഞ്ചാവൂർ പൊലീസ് കേസെടുക്കുകയും തുടർന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
അറസ്റ്റ് സാധ്യത മുന്നിൽക്കണ്ട് ഉദയനിധി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ചെന്നൈയിലെ വസതിയിൽ നിന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ചതിനും സ്ത്രീകളുടെ മാന്യതയ്ക്ക് കോട്ടം വരുത്തിയതിനുമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം, താൻ തെറ്റായ പരാമർശം നടത്തിയിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഉദയനിധി നേരത്തെ വ്യക്തമാക്കിയിരുന്നു.
തൃഷയ്‌ക്കെതിരായ പരാമർശ കേസ്: ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; നടപടി ഹൈക്കോടതി നിർദേശത്തിന് പിന്നാലെ