ദുബായ് : വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട്, അനുബന്ധ സേവനങ്ങളുടെ ഫീസ് കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. ഫീസ് വര്‍ധന അടിയന്തിരമായി പിന്‍വലിക്കണമെന്ന് ഗള്‍ഫിലെ വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അനുഭാവ പ്രവാസി കൂട്ടായ്മയായ ഒഐസിസി -ഇന്‍കാസിന്റെ വിവിധ കമ്മിറ്റികളും നേതാക്കളും വിഷയത്തില്‍ അധികാരികള്‍ക്ക് പരാതി നല്‍കി.
ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിലുള്ള തുക എത്ര
വിദേശത്ത് ജോലി സംബന്ധമായും സാമ്പത്തികമായും പശ്ചിമേഷ്യന്‍ യുദ്ധകരണങ്ങളാലും ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക്, പാസ്പോര്‍ട്ട് പീസ് വര്‍ദ്ധന ഇരുട്ടടിയാണെന്ന് യു.എ.ഇ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.എ ബിജു പറഞ്ഞു. വര്‍ധന പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും കേരള സര്‍ക്കാര്‍ ഇതില്‍ ഇടപെടണമെന്നും സി.എ ബിജു ആവശ്യപ്പെട്ടു. അതേസമയം, പ്രവാസികളില്‍ നിന്നും ഈടാക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ,പ്രവാസികള്‍ക്ക് നിയമാനുസൃതം അടിയന്തരഘട്ടങ്ങളില്‍ നല്‍കാന്‍ പോലും കേന്ദ്ര ന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നുമില്ല. മാത്രവുല്ല, പ്രവാസികളില്‍ നിന്നും നീണ്ട വര്‍ഷങ്ങളായി പിരിച്ചെടുത്ത കോടികളുടെ സംഖ്യ എത്രയെന്ന കണക്കും ലഭ്യമല്ലെന്ന് സി എ ബിജു ആരോപിച്ചു.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്കും പ്രതിപക്ഷ നേതാക്കള്‍ക്കും നിവേദനം
പാസ്പോര്‍ട്ട് നിരക്ക് വര്‍ദ്ധനവ് പ്രവാസികളോടുള്ള ക്രൂരതയാണെന്നും ഇക്കാര്യത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്കും പ്രതിപക്ഷ നേതാക്കള്‍ക്കും നിവേദനം അയച്ചു.ഒഐസിസി മിഡില്‍ ഈസ്റ്റ് കണ്‍വീനറും, സൗദി വെസ്റ്റേണ്‍ റീജിണല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റുമായ കെ.ടി.എ. മുനീര്‍ ആണ്, കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ശശി തരൂര്‍ എന്നിവര്‍ക്ക് നിവേദനം ഇമെയിലില്‍ വഴി അയച്ചത്. സാധാരണക്കാരായ തൊഴിലാളികള്‍ക്കും സാധാരണ കുടുംബങ്ങള്‍ക്കും ഇനി പാസ്പോര്‍ട്ട് പുതുക്കുക എന്നത് വലിയൊരു സാമ്പത്തിക ബാധ്യതയായി മാറും. ഇത് സാധാരണക്കാരായ പ്രവാസികളോടുള്ള വെല്ലുവിളിയാണെന്നും നിവേദനത്തില്‍ പറയുന്നു.
പാസ്പോര്‍ട്ട് ഫീസ് വര്‍ധന: പ്രവാസ ലോകത്ത് പ്രതിഷേധം തുടരുന്നു; പ്രവാസികളില്‍ നിന്നും പിരിച്ചെടുത്ത എമിഗ്രേഷന്‍ ഫണ്ടിലുള്ള സംഖ്യ എത്ര?