ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാന് കനത്ത സാങ്കേതിക നാശത്തിന് പുറമെ നൂറിലധികം സൈനികരെയും നഷ്ടമായെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യന്‍ സൈന്യത്തിന്റെ മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ (ഡി.ജി.എം.ഒ) ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘയ് ആണ് പാക് സൈന്യത്തിനുണ്ടായ വന്‍ ആള്‍നാശത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പങ്കുവെച്ചത്.
ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയില്‍ അംഗങ്ങളായ 34 രാജ്യങ്ങളിലെ സേനാമേധാവിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര നിയന്ത്രണ രേഖയില്‍ (LoC) വെച്ചാണ് പാകിസ്ഥാന് നൂറിലധികം സൈനികരെ നഷ്ടമായതെന്നാണ് രാജീവ് ഘയ് വ്യക്തമാക്കിയത്.
പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തില്‍ വിതരണം ചെയ്ത മരണാനന്തര ബഹുമതികളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സൈന്യത്തിനുണ്ടായ ആള്‍നാശം വിശദീകരിച്ചത്. 'നൂറില്‍ കൂടുതല്‍ മരണാനന്തര ബഹുമതികളാണ് പാകിസ്ഥാന്‍ സ്വാതന്ത്ര്യ ദിനത്തില്‍ വിതരണം ചെയ്തത്. ഇതില്‍ നിന്നും അവര്‍ നേരിട്ട നാശം വ്യക്തമാണ്,' അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി മെയ് ഒമ്പതിനും പത്തിനുമിടയിലെ രാത്രിയില്‍ ഇന്ത്യ പാകിസ്ഥാന്റെ 11 വ്യോമതാവളങ്ങള്‍ ആക്രമിച്ചിരുന്നു. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ആവര്‍ത്തിച്ച് ലംഘിച്ച് പാക് ഡ്രോണുകള്‍ പ്രവര്‍ത്തിച്ചപ്പോഴാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. അഞ്ച് യുദ്ധവിമാനങ്ങളുള്‍പ്പെടെ 12 വിമാനങ്ങളാണ് പാകിസ്ഥാന് നഷ്ടമായത്. പാകിസ്ഥാനിലേക്ക് കടന്ന് 300 കിലോമീറ്ററിലധികം ദൂരത്തില്‍ വരെ ഇന്ത്യ ആക്രമണം നടത്തി. എട്ട് വ്യോമതാവളങ്ങള്‍, മൂന്ന് ഹാങ്ങറുകള്‍, നാല് റഡാറുകള്‍ എന്നിവ തകര്‍ത്തു.
'ആക്രമണവുമായി മുന്നോട്ടുപോകാനായിരുന്നു പാകിസ്ഥാന്റെ തീരുമാനമെങ്കില്‍ കൂടുതല്‍ ദുരന്തമുണ്ടാകുമായിരുന്നു,' രാജീവ് ഘയ് കൂട്ടിച്ചേര്‍ത്തു. കൂടാതെ, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ മൂന്ന് ഭീകരരെ കണ്ടെത്തി വധിച്ചതായും, ഇതിനായി 96 ദിവസമെടുത്തെന്നും അദ്ദേഹം വെളിപ്പെടുത്തി.