ധന ബില്ലുകൾ പാസാക്കിയതിന് പിന്നാലെ കേരള നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ ധന ബില്ലുകൾ നേരിട്ട് പാസാക്കുന്നു എന്ന് ആരോപിച്ച് ഭരണ-പ്രതിപക്ഷ വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചിരുന്നു. എൽ.ഡി.എഫിന്റെ അഭാവത്തിലാണ് ഇന്ന് ധനബില്ലുമായി ബന്ധപ്പെട്ട സുപ്രധാന ചർച്ചകളും മറ്റ് നടപടികളും സഭയിൽ പൂർത്തിയാക്കിയത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നാടകങ്ങൾക്കിടയിലും ബില്ലുകൾ സഭ പാസാക്കുകയായിരുന്നു.
ബഹിഷ്കരണത്തിന് പിന്നാലെ സഭയിൽ നടന്ന ധനബിൽ ചർച്ചകൾക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ കൃത്യമായ മറുപടി നൽകി. സംസ്ഥാനത്ത് സമീപകാലത്ത് ഉയർന്നുവന്ന വീര്യം കുറഞ്ഞ മദ്യ വിവാദങ്ങൾ പ്രതിപക്ഷം രാഷ്ട്രീയ ലക്ഷ്യത്തോടെ ഊതിപ്പെരുപ്പിച്ചതാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. യു.ഡി.എഫ് മുന്നണി വീര്യം കുറഞ്ഞ മദ്യം വിൽക്കേണ്ടതില്ലെന്ന് തീരുമാനിച്ചാൽ കേരളത്തിൽ അത് വിൽക്കില്ലെന്ന് മുഖ്യമന്ത്രി സഭയിൽ ആവർത്തിച്ചു വ്യക്തമാക്കി. മദ്യനയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തുന്ന കപട ആശങ്കകളുടെ മുനയൊടിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
നികുതി ഭാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകൾക്കും മുഖ്യമന്ത്രി സഭയിൽ വ്യക്തത വരുത്തി. സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ആരുടെയും മേൽ അനാവശ്യമായ അധികനികുതി ഭാരം ഈ സർക്കാർ ചുമത്തില്ലെന്ന് മുഖ്യമന്ത്രി സഭയ്ക്ക് ഉറപ്പുനൽകി. ധനബില്ലുകൾ പാസാക്കിയതോടെ ഈ നിയമസഭാ സമ്മേളനത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാവുകയും സ്പീക്കർ സഭ അനിശ്ചിതകാലത്തേക്ക് പിരിച്ചുവിടുകയുമായിരുന്നു.