തമിഴ്നാട്ടിലെ കരൂരില്‍ 41 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. തമിഴക വെട്രി കഴകം വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മനപൂര്‍വമല്ലാത്ത നരഹത്യാകുറ്റം അടക്കം നിലവില്‍ അഞ്ച് വകുപ്പുകളാണ് അപകടം നടന്ന ശേഷം ഒളിവില്‍ പോയ മതിയഴകനെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം, ടിവികെയുടെ പ്രാദേശിക നേതാവ് ജീവനൊടുക്കി. ബ്രാഞ്ച് സെക്രട്ടറി വി.അയ്യപ്പനാണ് മരിച്ചത്. പരിപാടിയില്‍ സെന്തില്‍ ബാലാജി സമര്‍ദ്ദം ചെലുത്തിയെന്നും ഇത് കാരണം സുരക്ഷ ഒരുക്കിയില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. മരിച്ച അയ്യപ്പന്റെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു.
ടി.വി.കെ.യുടെയും നടന്‍ വിജയിയുടെയും പേരില്‍ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ഉച്ചയ്ക്ക് തുടങ്ങേണ്ടിയിരുന്ന റാലിയില്‍ മണിക്കൂറുകള്‍ വൈകിയാണ് വിജയ് എത്തിയത് എന്നും, ഈ പരിപാടിയെ ജനക്കൂട്ടത്തെ ആകര്‍ഷിക്കാനും ശക്തിപ്രകടനത്തിനുമുള്ള ഉപാധിയായാണ് കണ്ടതെന്നും എഫ്.ഐ.ആറില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് അപകടത്തിന് കാരണമായതായും പറയുന്നു. അതേസമയം, അപകടം വിജയ് മനപൂര്‍വം ക്ഷണിച്ചു വരുത്തിയതാണെന്ന് ഡിഎംകെയും കുറ്റപ്പെടുത്തി. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ദുരന്തത്തില്‍ വിജയിയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു.