നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടര്‍ന്ന് ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം. പാര്‍ട്ടിക്കുള്ളില്‍ ഇനി മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്നും, തെറ്റുകള്‍ തുറന്നു പറയുകയും കേള്‍ക്കുകയും തിരുത്തുകയും ചെയ്യേണ്ട സമയം അതിക്രമിച്ചെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി അംഗങ്ങളുടെ മനസ്സ് പോലും ഇത്തവണ എല്‍.ഡി.എഫിന് അനുകൂലമായിരുന്നില്ല എന്ന ഗൗരവകരമായ വിലയിരുത്തലിലാണ് യോഗം എത്തിയത്.
ഉള്ളിലുള്ള കാര്യങ്ങള്‍ തുറന്നു പറയാന്‍ സാധിക്കാത്ത വിധം പാര്‍ട്ടി സംഘടനാസംവിധാനം മാറിയിരിക്കുന്നു എന്നതാണ് പ്രധാന വിമര്‍ശനം. താഴെത്തട്ടിലുള്ളവര്‍ക്ക് വിശ്വസിച്ചു കാര്യങ്ങള്‍ പറയാനുള്ള സാഹചര്യം ബോധ്യപ്പെടുത്താതെ നടത്തുന്ന തിരുത്തലുകള്‍ ഫലം കാണില്ലെന്ന് നേതാക്കള്‍ തുറന്നടിച്ചു. നാലു മണിക്ക് അവസാനിക്കേണ്ടിയിരുന്ന യോഗം, നേതാക്കളുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് 13 മണിക്കൂര്‍ നീണ്ടുനിന്നു. സമയപരിധിയില്ലാതെ എല്ലാവരെയും കേള്‍ക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടതോടെയാണ് അര്‍ധരാത്രി വരെ ചര്‍ച്ചകള്‍ നീണ്ടത്.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുന്‍പെങ്ങുമില്ലാത്ത വിധം വിമര്‍ശനങ്ങള്‍ക്ക് വിധേയരായി. നേതൃത്വത്തിന്റെ അസഹിഷ്ണുതയോടെയുള്ള പെരുമാറ്റം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമായി. എം.വി. ഗോവിന്ദനെതിരെയുള്ള വിമര്‍ശനത്തിനിടെ അദ്ദേഹം സെക്രട്ടറി സ്ഥാനത്തുനിന്നു മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന പരാമര്‍ശം പോലുമുണ്ടായതായാണ് സൂചന. എന്നാല്‍, സാധാരണ ക്ഷോഭിക്കാറുള്ള മുഖ്യമന്ത്രി ഇത്തവണ കാര്‍ക്കശ്യം വെടിഞ്ഞ് രാത്രി വൈകും വരെ യോഗത്തില്‍ തുടരുകയും ചില കാര്യങ്ങളില്‍ വ്യക്തിപരമായ മറുപടികള്‍ നല്‍കുകയുമല്ലാതെ മറ്റ് വിശദീകരണങ്ങള്‍ക്ക് മുതിര്‍ന്നില്ല.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകളും മണ്ഡലം മാറ്റിപ്പരീക്ഷിച്ചതിലെ തിരിച്ചടിയും യോഗത്തില്‍ ചര്‍ച്ചയായി. വടകരയില്‍ മത്സരിച്ച കെ.കെ. ശൈലജ മണ്ഡലം മാറ്റത്തിലെ അസ്വസ്ഥത പ്രകടിപ്പിച്ചു. നേരത്തെ സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുമായി ധാരണയുണ്ടാക്കിയപ്പോള്‍ വിമര്‍ശിച്ച അംഗത്തോട് ക്ഷോഭിച്ച മുഖ്യമന്ത്രി, ഇത്തവണ തനിക്ക് നേരെയുള്ള കടുത്ത വിമര്‍ശനങ്ങളെ സംയമനത്തോടെയാണ് നേരിട്ടത് എന്നത് ശ്രദ്ധേയമായി.
'മിണ്ടാതിരുന്നിട്ട് കാര്യമില്ല'; നേതൃത്വത്തിന് നേരെ വിരൽചൂണ്ടി സി.പി.എം നേതാക്കൾ; 13 മണിക്കൂർ നീണ്ട വാദപ്രതിവാദം