കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ വിപുലീകരിച്ച യോഗം ഇന്ന് ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ രാവിലെ 10 മണിക്കാണ് യോഗം. ബി.ജെ.പി നടത്തിയ തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ബിഹാറിന്റെ ക്ഷേമത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുക എന്നതാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിന്റെ പ്രധാന ലക്ഷ്യം.
ബിഹാര്‍ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമാകും. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി വോട്ട് മോഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും, അതിനാല്‍ ബിഹാറില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ജാഗ്രത പാലിക്കണമെന്നും യോഗം ഊന്നിപ്പറയും. 'വോട്ടര്‍ അധികാര്‍ യാത്ര' നടത്തിയ ബീഹാര്‍ 'ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്രമായി' മാറിയതും യോഗം പട്‌നയില്‍ നടത്താന്‍ പ്രധാന കാരണമാണ്.
സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ള ബിഹാറിന്, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാരമ്പര്യത്തിലും വലിയ പ്രാധാന്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ചമ്പാരന്‍ സത്യാഗ്രഹം പോലുള്ള സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് വേദിയായ ബിഹാര്‍, ഡോ. രാജേന്ദ്ര പ്രസാദ്, ബാബു ജഗ്ജീവന്‍ റാം തുടങ്ങിയ മഹാരഥന്മാരെ രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ഈ ചരിത്രപരമായ ബന്ധം മുന്‍നിര്‍ത്തിയാണ് പട്‌നയില്‍ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.
നിലവില്‍ ബിഹാര്‍ ഒരു രാഷ്ട്രീയ വഴിത്തിരിവിലാണെന്നും, ബി.ജെ.പി.യുടെ വിദ്വേഷ, തൊഴിലില്ലായ്മ രാഷ്ട്രീയത്തിന് ബദലായി സാമൂഹിക നീതിയുടെയും വികസനത്തിന്റെയും രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ബി.ജെ.പി നടത്തിയ തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങള്‍ക്ക്, എസ്.ഐ.ആര്‍ ഒരു ഉദാഹരണമായി മാറിയെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന 'വോട്ടര്‍ അധികാര്‍ യാത്ര' ബി.ജെ.പി.യുടെ ദുരുപയോഗങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവത്കരിക്കാന്‍ സഹായിച്ചുവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്നതുപോലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പി.യുടെ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പോരാടുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. പട്‌നയില്‍ നടക്കുന്ന ഈ യോഗം ബിഹാറിന്റെ രാഷ്ട്രീയ ഭാവിക്ക് പുതിയ മാനം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.