ജനീവ: പാകിസ്ഥാനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ (ഡചഒഞഇ) ഇന്ത്യ. പാകിസ്ഥാന്‍ ഭീകരവാദത്തിന് അഭയം നല്‍കുന്നുവെന്നും സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുകയാണെന്നും ഇന്ത്യന്‍ പ്രതിനിധി ക്ഷിതിജ് ത്യാഗി ആരോപിച്ചു. പാകിസ്ഥാന്‍ മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ യോഗ്യരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൗണ്‍സിലിന്റെ ശ്രദ്ധ തിരിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ ത്യാഗി ശക്തമായി അപലപിച്ചു. 'അതിര്‍ത്തികള്‍ മോഹിക്കുന്നതിനു പകരം, നിയമവിരുദ്ധമായി കൈവശമിരിക്കുന്ന ഇന്ത്യന്‍ പ്രദേശം വിട്ടൊഴിയുകയാണ് പാകിസ്ഥാന്‍ ചെയ്യേണ്ടത്. ഭീകരവാദം കയറ്റുമതി ചെയ്യുന്നതിനും യു.എന്‍. പ്രഖ്യാപിത ഭീകരര്‍ക്ക് അഭയം നല്‍കുന്നതിനും സ്വന്തം ജനങ്ങളെ ബോംബിടുന്നതിനും അപ്പുറം അവര്‍ക്ക് മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സമയം കിട്ടുമായിരിക്കും,' ത്യാഗി പരിഹസിച്ചു.
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ പാക് വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ 30-ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ ശക്തമായ പ്രതികരണം. ഈ ആക്രമണം അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
മനുഷ്യാവകാശ കൗണ്‍സിലിന്റെ ലക്ഷ്യം പക്ഷപാതമില്ലാത്തതും വസ്തുനിഷ്ഠവുമായിരിക്കണമെന്ന് ഇന്ത്യ ഓര്‍മ്മിപ്പിച്ചു. ഒരു രാജ്യത്തെ മാത്രം ലക്ഷ്യമിട്ട് നീങ്ങുന്നത് വിവേചനം വര്‍ദ്ധിപ്പിക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി.